ആന്റണി രാജുവിന് ആശ്വാസം; തൊണ്ടിമുതൽ മോഷണക്കേസിൽ തുടർ നടപടികൾക്കുള്ള സ്റ്റേ നീട്ടി
തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാലു മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി ഈ മാസം 25 ന് പരിഗണിക്കും. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്ക്കെതിരായ കേസ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്.
1994 ലാണ് സംഭവമുണ്ടാകുന്നത്. 2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരാണ്.
അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്.