''ആരും ബിജെപിയിൽ നിന്ന് പിണങ്ങിപ്പോകില്ല; സുരേഷ് ഗോപിയുടെ രോമം തൊടാൻ പിണറായി ആയിരംവട്ടം ശ്രമിച്ചാലും നടക്കില്ല'': കെ. സുരേന്ദ്രൻ
സുരേഷ് ഗോപിയുടെ രോമം തൊടാൻ പിണറായി വിജയൻ സർക്കാരിന് ആയിരം വട്ടം ശ്രമിച്ചാലും സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ് ഗോപിക്ക് എതിരെ നടക്കുന്ന പ്രവർത്തനങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
സുരേഷ് ഗോപിക്കെതിരെ കേസെടുക്കനുള്ള നീക്കം സർക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണ്. പൂരം കലക്കി അവിടെ അക്രമം ഉണ്ടാക്കാൻ ശ്രമിച്ച ആൾക്കാരെ കാണാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് വിലക്കുണ്ടോ? അവിടേക്ക് പോകാൻ തങ്ങൾക്ക് സാധിച്ചില്ലെന്നാണ് വി.എസ് സുനിൽ കുമാറും ടി.എൻ പ്രതാപനും പറഞ്ഞത്. അവർക്ക് സാധിക്കാത്തത് സുരേഷ് ഗോപിക്ക് സാധിച്ചു. വളരെ പരിഹാസമായ നിലപാടാണ് സർക്കാരിന്റെതെന്നും സുരേന്ദ്രൻ വിമർശിച്ചു.
സന്ദീപ് വാര്യർ എന്നല്ല ആരും ബിജെപിയിൽ നിന്ന് പിണങ്ങിപ്പോകില്ല. തെരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടുന്നത് ഒറ്റക്കെട്ടായാണ്. മനപ്പായസം വച്ച് കുടിക്കുന്നവർക്ക് പഞ്ചസാര കൂടും എന്നല്ലാതെ ഒന്നും സംഭവിക്കില്ല', തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.