ഇ.പി.ജയരാജനായിരുന്നു ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ്; പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

Update: 2024-04-26 01:03 GMT

ഇ.പി.ജയരാജനായിരുന്നു ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്നും പാർട്ടിയിൽ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലിൽ താൻ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രൻ, കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകൻ അയച്ച വാട്സാപ്പ് സന്ദേശവും ഡൽഹിയിലേക്ക് പോകുന്നതിനായി പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ദല്ലാൾ നന്ദകുമാർ എടുത്തുനൽകിയ ടിക്കറ്റും ശോഭാസുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

'2023 ഏപ്രിൽ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡൽഹിയിലേക്ക് പോകാൻ നന്ദകുമാർ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാൻ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ഞാൻ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയിൽ ചേരാൻ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായിട്ടുള്ള എനിക്ക് ചർച്ചനടത്താൻ കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അത് ഇനിയും തുടരും', ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ജയരാജൻ കേരളത്തിൽ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി എന്തും ചെയ്യാൻ മടിയില്ലാത്ത നേതാവാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രയും കാലം പറയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

തന്നെ വാർത്താസമ്മേളനത്തിൽ വ്യക്തിഹത്യ നടത്തിയ ദല്ലാൾ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരു സ്ത്രീയെ വ്യക്തിപരമായി അങ്ങേയറ്റം അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാർ ശ്രമിച്ചത്. തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിന്റെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഡിജിപിക്കടക്കം നന്ദകുമാറിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് മുന്നേറ്റമുണ്ടാകുമെന്നും സിപിഎം സ്ഥാനാർഥി മൂന്നാംസ്ഥാനത്തെത്തുമെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് തനിക്കെതിരെയുള്ള വേട്ടയാടലുകൾ. ഇതിന് പിന്നിൽ ഗോകുലം ഗോപാലന്റെ കരങ്ങളുണ്ടെന്നും അവർ ആരോപിച്ചു. അതിലൊന്നും പേടിച്ച് പിന്മാറുന്നയാളല്ല ശോഭാസുരേന്ദ്രനെന്നും അവർ വ്യക്തമാക്കി.

'പാർട്ടിയിൽ ആളെ ചേർക്കുന്ന ചുതലയിലിരിക്കുന്ന ആളാണ് ഞാൻ. പ്രധാനമന്ത്രിയുടെ വീട്ടിലും ഓഫീസിലും അപ്പോയിൻമെന്റ് കിട്ടിയ ആളാണ് ഞാൻ. കെ. സുരേന്ദ്രനും ബിഎൽ സന്തോഷും തമ്മിൽ തർക്കത്തിലാണെന്നാണ് നന്ദകുമാർ ആരോപിച്ചത്. എന്നാൽ, ഞങ്ങളുടെ ശരീരത്തിൽ ഒഴുകുന്നത് ഒരേ ചോരയാണ്. പാർട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ഞങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത് തീവ്രവാദികൾക്കും മാഫിയകൾക്കും എതിരായ ചോരയാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞ ഭൂമിയല്ലാതെ ഒരു തുണ്ട് ഭൂമി ശോഭാസുരേന്ദ്രൻ വേറെയില്ല', ശോഭാസുരേന്ദ്രൻ പറഞ്ഞു.

 

 

Tags:    

Similar News