ആരോഗ്യം മോശം, പാർട്ടി ലീവ് അനുവദിച്ചു; രാജ്ഭവൻ ധർണയിൽ പങ്കെടുക്കാത്തതിൽ ഇ.പി

Update: 2022-11-16 07:44 GMT

അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരായ തിരുവനന്തപുരത്ത് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് മുന്നണി കൺവീനർ ഇപി ജയരാജൻ. ഇദ്ദേഹത്തിന്റെ അസാന്നിധ്യം വാർത്തയായതിനെ തുടർന്ന് സ്വന്തം വീട്ടിൽ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി വാർത്താ സമ്മേളനം നടത്തി കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാർത്ഥം തനിക്ക് പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിശ്ചയിച്ച ചില പരിപാടികളിൽ ചികിത്സയ്ക്കിടെ പങ്കെടുത്തു എന്നു മാത്രമേയുള്ളൂ. എന്നാൽ ഇത് ആരോഗ്യ നില കൂടുതൽ വഷളാക്കി. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിധ്യം ഒരു പ്രശ്‌നമായി വരില്ല എന്ന് കരുതി. കണ്ണൂരിലെ പ്രതിഷേധത്തിൽ പാർടി പിബി അംഗം എംഎ ബേബി ഉണ്ടായിരുന്നു. അതിനാൽ പിന്നെ പങ്കെടുക്കേണ്ടതില്ലല്ലോ എന്ന് കരുതി. കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. അസുഖങ്ങൾ വർധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാൻ കഴിയുന്നത്. അലോപ്പതിയും ആയുർവേദവുമൊക്കെ ചേർന്നുള്ള ചികിത്സയിലാണ് ഇപ്പോൾ. മൂന്ന് ആഴ്ചത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്ന് താൻ തന്നെയാണ് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ നിന്നും നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തു. അത് ആരോഗ്യ സ്ഥിതി വഷളാക്കി. തുടർന്ന് നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തിയെന്നും ഇ.പി പറഞ്ഞു.

അതേസമയം തന്നെ ആക്രമിക്കാനും സുധാകരൻ ആർ എസ് എസുകാരെയാണ് അയച്ചതെന്ന് ഇപി കുറ്റപ്പെടുത്തി. കോൺഗ്രസിനെ ആർ എസിന്റെ കയ്യിൽ എത്തിക്കലാണ് സുധാകരന്റെ ദൗത്യം. ന്യൂനപക്ഷത്തിന് കോൺഗ്രസിൽ രക്ഷയില്ല. മുസ്ലിം ലീഗ് ലീഗ് ശരിയായ നിലപാട് സ്വീകരിക്കണം എന്നാണ് പറയാനുള്ളതെന്നും ഇപി ജയരാജൻ പറഞ്ഞു.

Tags:    

Similar News