രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Update: 2024-04-15 06:54 GMT

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാട്ടി ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിവാദ പരാമർശം. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്കും സമുദായ നേതാക്കൾക്കും പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെആർ പത്മകുമാർ, എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കൺവീനർ വിവി രാജേഷ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സംഭവത്തിൽ വിശദീകരണം തേടി തരൂരിനും അഭിമുഖം സംപ്രേഷണം ചെയ്‌ത ചാനൽ മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ നൽകാനോ തൃപ്‌തികരമായ മറുപടി നൽകാനോ ഇവർക്കായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തരൂരിനും ചാനലിനും താക്കീത് നൽകിയത്. അഭിമുഖത്തിന്റെ വിവാദഭാഗങ്ങൾ പിൻവലിക്കാൻ നിർദേശം നൽകി. മാത്രമല്ല, അഭിമുഖം മറ്റേതെങ്കിലും രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്.

അതേസമയം, തരൂരിന്റെ ആരോപണം ജാതി - മതവികാരം ഉണർത്തുന്നുവെന്ന ബിജെപിയുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സംഭവത്തിൽ തരൂരിനെതിരെ നിയമനടപടിയുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. തരൂർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടെംകൊയ്യാൻ നടത്തുന്ന പ്രവൃത്തിയാണിതെന്നും കാണിച്ചാണ് രാജീവ് തരൂരിന് വക്കീൽ നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്‌താവന പിൻവലിച്ച് തരൂർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്തെ വോട്ടർമാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികർ ഉൾപ്പെടെ മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചുവെന്നും ശശി തരൂർ പ്രചരിപ്പിച്ചുവെന്നാണ് വക്കീൽ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. അഭിമുഖത്തിൽ ഉന്നയിച്ച കാര്യങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags:    

Similar News