'പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണം, ഞാന്‍ അതിജീവിക്കും; പരാതിക്കാരിയുടെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളി
ബലാത്സംഗത്തിന് പൊലീസ് കേസെടുത്തതിന് പിന്നാലെ, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ചു. പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നല്‍കുമെന്നും എല്‍ദോസ് സന്ദേശത്തില്‍ പറയുന്നു.
കേസിലെ പ്രധാന സാക്ഷിക്ക് ഇന്നലെ പുലര്‍ച്ചെ 2.30 നാണ് എല്‍ദോസ് സന്ദേശമയച്ചത്. 'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും' വാട്ട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു.
എല്‍ദോസ് കുന്നപ്പിള്ളി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് കേസിലെ സാക്ഷിക്ക് വാട്സ് ആപ്പ് വഴി ഭീഷണി സന്ദേശം അഅയച്ചിരിക്കുന്നത്. പരാതിക്കാരിയായ അധ്യാപികയെ കാണാനില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് ഈ സാക്ഷിയാണ്. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പൊലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്. എംഎല്‍എയുടെ പൊതു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.പരാതി ശരിയെങ്കില്‍ എംഎല്‍എ കുറ്റക്കാരനാണ്. പാര്‍ട്ടി നടപടി ഉണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.