'ഇഡി നടപടിക്കെതിരെ നിയമ പോരാട്ടം നടത്തും', ; ഇഡി നടപടി ലോക്സഭാ ഇലക്ഷൻ മുന്നിക്കണ്ടുള്ള നീക്കം, എ സി മൊയ്തീൻ
തന്റെ സ്വത്ത് മരവിപ്പിച്ച ഇഡി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസി മൊയ്തീൻ എംഎൽഎ. സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും 28 ലക്ഷം നേരത്തെ മരവിപ്പിച്ചതാണെന്നും എസി മൊയ്തീൻ പറഞ്ഞു. സ്വത്ത് മരവിപ്പിക്കൽ നടപടി നീട്ടിയത് ഇഡിയുടെ അപേക്ഷയിലാണ്. ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്നും എസി മൊയ്തീൻ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. താൻ നൽകിയ കണക്കിൽ ഇഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ല. തന്റെ സമ്പാദ്യം നിയമവിധേയമായതാണ്. ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരി എന്ന നിലയിൽ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എസി മൊയ്തീൻ കൂട്ടിച്ചേർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ഇന്നലെ ശരിവെച്ചിരുന്നു. എസി മൊയ്തീന്റെ എതിർപ്പ് തള്ളി ഡൽഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതായിരുന്നു നടപടി.
എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാൽ ഭൂസ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണത്തിന്റെ പരിധിയിലാണ്.