'നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ല'; കർശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ
ഡിവൈഎഫ്‌ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റായ വലതുപക്ഷ പ്രവണതകളിൽ അവരും പെട്ടുപോയിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല. അവരും സമൂഹത്തിൻറെ ഭാഗമാണ്. അത്തരക്കാരോട് വിട്ടുവീഴ്ച ഇല്ല.
തിരുത്തുന്നില്ലെങ്കിൽ തള്ളും. സംഘടന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് പിന്തുണ നൽകും. ഡിവൈഎഫ്‌ഐ വിദ്യാർത്ഥികൾക്കൊപ്പമാണ്. നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും വി കെ സനോജ് പറഞ്ഞു. ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി സമ്മാനിച്ച സംഭവം യാദൃച്ഛികമായി സംഭവിച്ചതാണ്. ആസൂത്രിത നീക്കമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.