വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ 3,80,000 രൂപയാണ് മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും പിഴ ഒടുക്കിയത്. 2011 ൽ നടന്ന സംഭവത്തിലാണ് ഈ നടപടി. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്. തപാൽ വകുപ്പാണ് പരാതിക്കാർ.
വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് 2011 ജനുവരി 19 ന് നടന്ന മാർച്ചിൽ ആയിരുന്നു അതിക്രമം ഉണ്ടായത്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു മാർച്ച്. പ്രതിഷേധത്തിൽ ജനാല ചില്ലുകൾ, ഓഫീസ് ഉപകരണങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. തുടർന്ന 2014 ൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. പിഴ സഹിതം പണം ഒടുക്കിയില്ലെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്തു പണം ഈടാക്കണമെന്ന് തപാൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകൻ മുഖേന മന്ത്രി മുഹമ്മദ് റിയാസ് പിഴ ഒടുക്കിയത്. ഇനി 40000 രൂപ കൂടി കെട്ടിവക്കണം.