ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി നാളെ പരിഗണിക്കും

Update: 2024-01-08 03:06 GMT

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും ഭാര്യ വസന്തകുമാരിയും നൽകിയ ഹർജി 16 തവണ മാറ്റിവച്ച ശേഷമാണു നാളെ വീണ്ടും പരിഗണിക്കുന്നത്.

അതേസമയം ‘സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ ഞങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ് പറഞ്ഞു. തുക കൈപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ സർക്കാർ പ്രതിനിധികൾ വിളിച്ചിരുന്നു. മകളുടെ ജീവന്റെ വില സർക്കാരല്ല നിശ്ചയിക്കേണ്ടത്. ഞങ്ങൾക്ക് ഏക മകളെയാണു നഷ്ടമായത്. ഞങ്ങൾക്ക് ആരുമില്ലാതായി. മകളുടെ മരണത്തിലെ ദുരൂഹത നീക്കണം. എന്താണു സംഭവിച്ചതെന്നറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. അതിനാലാണു സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. മകളുടെ ആത്മാവിനോടു നീതി കാണിക്കണം’- മോഹൻദാസ് പറഞ്ഞു.

ഏക മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണം പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണു മാതാപിതാക്കളുടെ ആരോപണം. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ബിൽ പാസാക്കാൻ ഡോ. വന്ദനയുടെ ജീവൻ ബലി കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പൊലീസും സർക്കാരും എതിർക്കുകയാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നാണു സർക്കാർ വാദം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്ന സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന കൊല്ലപ്പെട്ടതു 2023 മേയ് 10നു പുലർച്ചെയാണ്.

Tags:    

Similar News