പാലക്കാട് പി സരിന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും, പ്രഖ്യാപനം ഇന്ന്
കോണ്‍ഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. സരിന്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയതായും മത്സരിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചതായുമാണ് വിവരം. . ഇന്ന് രാവിലെ പത്ത് മണിയോടെ സരിന്‍ വാര്‍ത്തസമ്മേളനം നടത്തും. പാലക്കാട് സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി സരിനെ പാര്‍ട്ടിക്കൊപ്പം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സരിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. നിലവില്‍ എല്‍ഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകള്‍കൊണ്ട് മാത്രമല്ല. സവര്‍ണ വോട്ടുകള്‍ ശ്രീധരനെ സഹായിച്ചിട്ടുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സരിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പി സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇടഞ്ഞ സരിന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടാകേണ്ടതെന്നും സരിന്‍ പറഞ്ഞിരുന്നു.