രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ്. അയ്യർ ഐഎഎസ്. പത്തനംതിട്ടയിൽ തന്റെ കീഴിൽ തഹസിൽദാറായി പ്രവർത്തിച്ചിരുന്നയാളാണ് നവീനെന്ന് ദിവ്യ പറഞ്ഞു. റാന്നിയിൽ തഹസിൽദാർ എന്ന നിലയിലുള്ള നവീനിന്റെ പ്രവർത്തനം എന്നും തങ്ങൾക്കൊരു ബലമായിരുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്നു രാവിലെയാണ് എഡിഎം നവീനിനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീനിന്റെ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഇത്. ചെങ്ങളായിയിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യ ഉയർത്തിയ ആരോപണം.
ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം
വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയിൽ എന്റെ തഹസിൽദാറായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ. രാജൻ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതുവശം എന്റെ പിറകെ ഇളംപച്ച ഷർട്ട് ഇട്ട് മാസ്‌ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പിറകിൽ പിങ്ക് ഷർട്ടും മാസ്‌കും അണിഞ്ഞ് നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റേഴ്സ് നോട്ടിൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
എന്നും ഞങ്ങൾക്കൊരു ബലമായിരുന്നു തഹസിൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കർമനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ...
അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകനായിരുന്നു നവീൻ എന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറാൻ ഞങ്ങളും ഒപ്പമുണ്ട്.