പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്റ്റംബർ 8നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 17ാം തീയതി വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21ാം തീയതിയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പിന് മുമ്പ് കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. 1970 മുതൽ 12 തവണ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ 9,044 വോട്ടിനാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു എതിർ സ്ഥാനാർത്ഥി. അന്ന് 27,092 വോട്ടിനായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം.
ഝാർഖണ്ഡിലെ ഡുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധാൻപൂർ, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ തുടങ്ങിയ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.