വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം ; വിജിലൻസ് അന്വേഷിക്കും , ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണവും അന്വേഷിക്കും

Update: 2025-01-04 08:39 GMT

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നും ആണ് ആരോപണം. നിലവിൽ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോഴാണ് വിജിലൻസ് അന്വേഷണത്തിനും ഉത്തരവാകുന്നത്. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ആണ് വിജയൻറെ ആത്മഹത്യക്ക് കാരണമായതെന്നും ആരോപണം ഉയർന്നിരുന്നു.

ഈ ബാധ്യത എങ്ങനെ വന്നുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. എൻഎം വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, എൻഎം വിജയന് അടക്കുമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡൻ്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്. താളൂർ സ്വദേശി പത്രോസ് എൻ എം വിജയൻ, സക്കറിയ മണ്ണിൽ, സി ടി ചന്ദ്രൻ എന്നിവർക്കെതിരെ അർബൻ ബാങ്ക് നിയമന തട്ടിപ്പ് ആരോപിച്ചും പരാതി നൽകിയിരുന്നു. 

Tags:    

Similar News