സിദ്ധാർത്ഥന്റെ മരണം ; പ്രതികളുടെ ജാമ്യാപേക്ഷ മെയ് 14 ലേക്ക് പരിഗണിക്കാൻ മാറ്റി

Update: 2024-05-10 16:37 GMT

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യഹർജികൾ മേയ്​ 14ന്​ പരിഗണിക്കാൻ മാറ്റി. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടും ഫോട്ടോഗ്രാഫുകളുമടക്കം ഡൽഹി എയിംസിൽ മെഡിക്കൽ ബോർഡിന്‍റെ​ പരിശോധനക്കും അഭിപ്രായത്തിനുമായി​ അയച്ചിരിക്കുകയാണെന്നറിയിച്ച സി.ബി.ഐ കൂടുതൽ സമയമാവശ്യപ്പെട്ടതിനെ തുടർന്നാണ്​ ഹർജികൾ​ മാറ്റിയത്​.

നടപടിക്രമങ്ങൾ പാലിക്കാതെയാണ്‌ കുറ്റപത്രം നൽകിയതെന്നും 60 ദിവസമായി ജയിലിലാണെന്നും ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം നൽകണമെന്നുമാണ്​ ഹർജിക്കാരുടെ ആവശ്യം.

സിദ്ധാർഥ് ക്രൂരമായ മർദനത്തിനിരയായെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. റാഗിങ്, ആത്മഹത്യ പ്രേരണ, മർദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അനുബന്ധ കുറ്റപത്രമുണ്ടാകുമെന്നും വിശദീകരിച്ചിരുന്നു.

പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരാണ്​ ജാമ്യഹർജി നൽകിയത്​. കേസിൽ ആകെ 19 പ്രതികളാണുള്ളത്‌.

Tags:    

Similar News