ആർ.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച കൃത്യമായി അന്വേഷിക്കണം, എന്തായിരുന്നു ഉദ്ദേശ്യം എന്ന് വ്യക്തമാകണം; ഡി രാജ
ആർ.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തത വേണമെന്ന് ഡി. രാജ. വിഷയത്തിൽ സംസ്ഥാന സിപിഐ നേതൃത്വം പ്രതികരിച്ചുവെന്നും എന്ത് പ്രതിഫലനം ഇത് ഉണ്ടാക്കുമെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
'ആർഎസ്എസ് നേതാക്കളുമായി എ.ഡി.ജി.പി. കൂടിക്കാഴ്ച നടത്തിയ സംഭവം കേരളത്തിനകത്തും പുറത്തും വൻ വിവാദമായിരിക്കുകയാണ്. ജനം ചർച്ച ചെയ്യുന്നുണ്ട്. ഒരു ഉന്നതല പോലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്തായിരുന്നു അതിന്റെ പശ്ചാത്തലം? തുടങ്ങിയവയെച്ചൊല്ലി ഒരുപാട് ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണം. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്ന് വ്യക്തമാകണം' എന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദവിഷയങ്ങളിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇങ്ങനെപോയാൽപ്പോരെന്നും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്‌നങ്ങൾ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.