അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉദ്യോഗസ്ഥൻ, രാഷ്ട്രീയ ഇടപെടൽ വഴി നിയമനമെന്ന് ആരോപണം

Update: 2023-09-01 04:23 GMT

അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉന്നത ഉദ്യോഗസ്ഥൻ.നിലവിൽ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് നന്ദകുമാര്‍. സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിന് ഒരു മാസം മുൻപാണ് നിയമനം നൽകിയത്. സർവീസ് ചട്ടം ബാധകം ആയിരിക്കെയാണ് നന്ദകുമാര്‍ സൈബർ അധിക്ഷേപം നടത്തിയത്. അതേസമയം അച്ചു ഉമ്മന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. രാഷ്ട്രീയ ഇടപെടൽ വഴിയാണ് നന്ദകുമാറിന് പുനർ നിയമനം നൽകിയത് എന്നാണ് നിലവിൽ ഉയരുന്ന ആരോപണം.

നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബർ സെല്ലിനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. നേരത്തെ പരാതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അച്ചു എങ്കിലും അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നത്. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായാണ് അച്ചു ഉമ്മന്റെ പരാതി. പരാതിയിൽ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെയായിരുന്നുവെന്നും ആക്രമണം തുടർന്നപ്പോഴാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.

കേസെടുത്തതിന് പിന്നാലെ നന്ദകുമാർ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ തന്നെ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു. 'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു' - എന്നാണ് നന്ദകുമാർ ഫെയ്സ്ബുക്കിൽ പിന്നീട് എഴുതിയത്. ഇതിന് പിന്നാലെ നന്ദകുമാർ കൊളത്താപ്പിള്ളി എന്ന ഫേസ്ബുക്ക് പേജ് നന്ദകുമാർ ഒഴിവാക്കുകയും ചെയ്തിരുന്നു

Tags:    

Similar News