പുരാവസ്തു തട്ടിപ്പു കേസ്; ഈ മാസം 23 ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടിസ്

Update: 2023-06-14 05:36 GMT

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടിസ്. ഈ മാസം 23ന് കളമശേരിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നെങ്കിലും സാവകാശം വേണമെന്ന് സുധാകരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാവകാശം അനുവദിച്ച് ക്രൈംബ്രാഞ്ച് പുതിയ തീയതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ നാളെ അന്വേഷണസംഘത്തിന് കൂടുതൽ തെളിവുകൾ കൈമാറുമെന്നാണു വിവരം.

അതേസമയം, മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും കേസിൽ എങ്ങനെ പ്രതിയായെന്നു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ ഇന്നലെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ഇന്നു ഹാജരാവില്ല. കോഴിക്കോട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപ് ഉള്ളതിനാൽ സാവകാശം ആവശ്യപ്പെടും. ഹൈക്കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വനം മന്ത്രിയായിരുന്ന കാലത്തു കോടികൾ ഉണ്ടാക്കാമായിരുന്ന സന്ദർഭം ഉപയോഗിച്ചിട്ടില്ലെന്നും, താൻ കാശു വാങ്ങിയെന്ന് ആരെങ്കിലും തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News