ആശ്രമം കത്തിച്ച കേസ്; ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച്, ഫോൺ രേഖകളടക്കം തെളിവുകൾ നഷ്ടമായി
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ആദ്യം അന്വേഷണ സംഘങ്ങൾ ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായത്. വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകും.
ശബരിമല സ്ത്രീപ്രവേശന വിവാദം ശക്തമായിരിക്കെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസായിരുന്നു. പൂജപ്പുര പൊലിസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കൻറോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണറും പിന്നീട് കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണറുടെയും നേതൃത്വത്തിലെ സംഘമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകൾ നഷ്ടമായത്.
പ്രതികൾ ആശ്രമത്തിന് മുന്നിൽ ഷിബുവിന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. ഈ കൈയെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിലെടുത്തുവെന്ന് മഹസറിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. കോടതി സ്റ്റേഷനിൽ സൂക്ഷിക്കാനായി ഈ കൈയെഴുത്ത് മടക്കി നൽകി. പക്ഷെ ഇതിപ്പോൾ കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമൺകടവ് ഭാഗത്തെ ഐഡിയ, വോഡോഫോൺ കമ്പനികളുടെ ടവറിൽ നിന്നുള്ള ഫോൺ വിളി വിശദാംശങ്ങൾ ആദ്യ സംഘം കമ്പനിയിൽ നിന്നും ശേഖരിച്ചു. പക്ഷെ ഈ വിവരങ്ങളും ഇപ്പോൾ കാണാനില്ല. അഞ്ച് സി സി ടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ട് ദൃശ്യങ്ങളും കേസ് ഫയലില്ല. ഈ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികൾ നശിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.