സി.പി.എം. പഞ്ചായത്തംഗം റോഡില്‍ മാലിന്യം തള്ളിയ സംഭവം; പിഴ ഈടാക്കിയതായി മന്ത്രി എം.ബി. രാജേഷ്
എറണാകുളം മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗം സ്കൂട്ടറിൽ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ റോഡിലേക്കെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ് രംഗത്ത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് സി.പി.എം. അംഗം പി.എസ്. സുധാകരനിൽ നിന്ന് 1000 രൂപ പിഴ ഈടാക്കിയതായി മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പഞ്ചായത്ത് മെമ്പർ ബൈക്കിലെത്തി മാലിന്യം തള്ളുന്ന ഒരു വീഡിയോ നിങ്ങളിൽ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരനാണ് സ്കൂട്ടറിൽ പോകുമ്പോൾ മാലിന്യം റോഡിൽ വലിച്ചെറിഞ്ഞത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് ഇദ്ദേഹത്തിന് ആയിരം രൂപ പിഴ ചുമത്തുകയും പിഴ തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം