കോഴ വിവാദം:പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം യോഗത്തിൽ ആവശ്യം
പിഎസ്‌സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യം. ഇന്നലെ ചേർന്ന യോഗത്തിൽ ഈ വിഷയത്തിൽ അരമണിക്കൂറിലേറെ ചർച്ച നീണ്ടതായാണ് വിവരം. ഉയർന്നുവന്ന ആരോപണത്തിന്മേൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. പാർട്ടിക്ക് കൂറച്ചുകൂടെ വ്യക്തത വരാനുണ്ടെന്നും അതിന് ശേഷം നടപടിയുണ്ടാവുമെന്നും അറിയിച്ചു.
ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടില്ല. സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു. കോഴ ആരോപണവുമായി ബന്ധപ്പെട്ട പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി പരാതി കൊടുത്തിട്ടും ഗൗരവം കാണിച്ചില്ലെന്നും സംസ്ഥാന നേതൃത്വം വിശദീകരിച്ചു. ജില്ല കേന്ദ്രീകരിച്ച് കോക്കസ് പ്രവർത്തിക്കുന്നു എന്ന ആരോപണമുയർന്നിട്ടും മൗനം പാലിച്ചത് ഗുരുതര വീഴ്ചയാണെന്നും വിമർശനമുണ്ടായി. അതേസമയം, വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി പാർട്ടിക്ക് ഉടൻ കത്ത് നൽകുമെന്നാണ് വിവരം.