ജില്ലാ നേതൃയോഗത്തിൽ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ച് സിപിഎം; വ്യാജ വാർത്ത നിയമപരമായി നേരിടുമെന്ന് നേതൃത്വം

Update: 2024-03-26 06:26 GMT

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ച് സിപിഎം. പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാർത്തയെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു.

മുൻ എംഎൽഎ എ പത്മകുമാറും കയ്യാങ്കളി നിഷേധിച്ചു. തന്നെ ആരും മർദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടെകിൽ ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കില്ലെന്നും എ പത്മകുമാർ പ്രതികരിച്ചു. തമ്മിലടിച്ചെന്ന് ആരോപിക്കപ്പെട്ട പത്മകുമാറിനേയും ഹർഷകുമാറിനേയും ഒന്നിച്ചിരുത്തിയായിരുന്നു സിപിഎമ്മിൻറെ വാർത്താസമ്മേളനം.

പത്തനംതിട്ടയിലെ സിപിഎം യോഗത്തിൽ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവനും പറഞ്ഞു. കമ്മിറ്റിയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് സ്വാഭാവികമാണ്. മുഖ്യമന്ത്രിയുടെ പ്രചരണ യോഗം എവിടെ നടത്തണമെന്ന കാര്യത്തിലായിരുന്നു തർക്കമുണ്ടായത്. വേണമെങ്കിൽ ബഹളമെന്ന് തോന്നാവുന്ന തർക്കം മാത്രമായിരുന്നു അതെന്നും അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി വിഎൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി എന്നായിരുന്നു ആരോപണം ഉയർന്നത്. തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് രൂക്ഷമായ തർക്കം ഉണ്ടായത്.

Tags:    

Similar News