'തൃശൂരും തിരുവനന്തപുരവും ബിജെപിക്ക് ബാക്കി എൽഡിഎഫിന്, അതാണ് അന്തര്‍ധാരയുടെ ഫോര്‍മുല'; കെ മുരളീധരന്‍

Update: 2024-04-26 05:24 GMT

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം – ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി പതിനെട്ട് ഇടത്തും ബിജെപി എൽഡിഎഫിനെ സഹായിക്കും. കോൺഗ്രസ് ഈ അന്തർധാര പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പ്രതികരിച്ചു.

‘യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. കോസ്റ്റൽ ബെൽറ്റിലൊക്കെ നല്ല ക്യൂവാണ്. അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. അതുകൊണ്ട് ത‍ൃശൂരിൽ യുഡിഎഫിന് വിജയം ഉറപ്പ്.

‘‘സിപിഎം–ബിജെപി അന്തർധാരയുടെ കാര്യം ഞാനല്ലേ ആദ്യം പറഞ്ഞത്. അതു പറഞ്ഞപ്പോൾ എല്ലാവരും തമാശയായിട്ട് എടുത്തു. അന്തർധാര വളരെ ശക്തമാണ്. പതിനെട്ട് മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും – അതാണ് അന്തർധാരയുടെ ഫോർമുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ട.’’ മുരളീധരൻ പറഞ്ഞു.

Tags:    

Similar News