ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാർ, ഇപി പങ്കെടുക്കില്ല, അതൃപ്തി പ്രകടമാക്കി ഗോവിന്ദൻ

Update: 2023-07-15 05:26 GMT

ഏകീകൃത സിവിൽ കോഡിനെതിരായി സിപിഐഎം സെമിനാറിൽ പങ്കെടുക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തിരുവനന്തപുരത്ത്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ് ഇ.പി.തിരുവനന്തപുരത്ത് എത്തിയത് .പാർട്ടിയും ഇപിയും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിർണ്ണായക സെമിനാറിലെ വിട്ട് നിൽക്കൽ. എംവിഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇപി അത്ര നല്ല രസത്തിലല്ല.ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇപി വിട്ടുനില്‍ക്കുന്നുണ്ട്. എന്നാൽ ഇ.പി പങ്കെടുക്കാത്തതിനെതിരെ പരസ്യ പ്രതികരണവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ഗോവിന്ദൻ രംഗത്തെത്തി. ' ഇ പിയെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ല, ഞങ്ങളൊക്കെ ക്ഷണിച്ചിട്ടാണോ വന്നത് , അദ്ദേഹം പങ്കെടുത്താത് എന്താണെന്ന് ഇ.പി യോട് തന്നെ ചോദിക്കണം' എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

വിവാദങ്ങൾക്കിടെയാണ് ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന് നടക്കുന്നത്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏകീകൃത സിവിൽകോഡ് വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ കേരളത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുക. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി തുടക്കമിട്ട ഈ ചർച്ചയുടെ കൃത്യമായ രാഷ്ട്രീയം മനസ്സിലാക്കിയ ഇടതുപക്ഷം ഏകീകൃത സിവിൽ കോഡ് വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സെമിനാർ പ്രഖ്യാപിക്കുകയായിരുന്നു.

നിലവിൽ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെങ്കിലും മുസ്ലിം മത സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നത് നേട്ടമാണ് എന്ന കണക്ക് കൂട്ടലിലാണ് ഇടത് പക്ഷം. 

Tags:    

Similar News