കൊല്ലത്ത് മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മർദ്ദനമേറ്റ് മരിച്ചു

Update: 2024-01-13 01:10 GMT

കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘർഷത്തിൽ മർദ്ദനമേറ്റ് മരിച്ചു. കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ സലീം മണ്ണേൽ (60) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. വിശദമായ അന്വേഷണത്തിൽ കാര്യങ്ങൾക്ക് വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂർ പഞ്ചായത്തിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഹർത്താൽ. പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്നു സലീം മണ്ണേൽ. മധ്യസ്ഥ ചർച്ച നടത്തുമ്പോഴാണ് പള്ളി പരിസരത്ത് സംഘർഷമുണ്ടായത്. ഇതിനിടയിൽ സലീമിന് മർദ്ദനമേൽക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നാളെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. സംഘർഷത്തിൽ ജമാഅത്ത് കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി.

Tags:    

Similar News