പ്രിയ നേതാവ് ഇനി ഓർമ്മകളിൽ; പൂർണ ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്കാരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി കേരളം. പൂർണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.
''പോരാട്ടത്തിൻ നാളുകളിൽ ഞങ്ങളെയാകെ നയിച്ചവനെ... വീര സഖാവേ ധീര സഖാവേ.. ലാൽ സലാം''...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ, അരനൂറ്റാണ്ടിലേറെക്കാലം കൈകളിലേറ്റിയ ചെങ്കൊടി പുതച്ച് കാനത്തെ യാത്രയാക്കി.
ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്.
പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഭൌതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്.രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമെത്തി.