കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഭീഷണി വേണ്ട. ഗവർണർക്ക് ചെയ്യാൻ പറ്റുന്നത് ഗവർണർ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവർണർ പറയുന്നു. സർക്കാർ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങൾ ഗവർണർ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രൻ് പറഞ്ഞു.
സമാന്തര ഭരണത്തിന് ശ്രമിച്ചാൽ നടപ്പില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്ക് സ്വർണക്കടത്ത് കേസ് ആയുധമാക്കിയാണ് ഇന്ന് ഗവർണർ മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന് ഗവർണർ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചാലും താൻ ഇടപെടും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ രാജിവെച്ചത് എന്തിനെന്ന് ചോദിച്ച ഗവർണർ വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടില്ലേയെന്നും ചോദിച്ചു.