'തൃശൂർ പൂരം കലക്കിയതാണ്, സത്യം പുറത്തുവരണം'; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Update: 2024-10-27 06:54 GMT

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി സിപിഐ. പൂരം നടക്കേണ്ടത് പോലെ നടന്നിട്ടില്ലെന്നും നടക്കാൻ ചിലർ സമ്മതിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും അതുമായി ബന്ധപ്പെട്ട സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാറും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി തൃശൂർ പൂരം സംബന്ധിച്ച് പ്രസ്താവന നടത്തിയത്. 'ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാവിനെ കണ്ടു, അതിന്റെ പേരിൽ പൂരം കലങ്ങിയെന്നാണ് പ്രചാരണം. സത്യം എന്താണ്. പതിവുപോലെ പൂരം നടന്നു. വെടിക്കെട്ട് കുറച്ച് വൈകി. അതിനാണോ പൂരം കലക്കിയെന്ന് പറയുന്നത്. സംഘപരിവാറിന്റെ തോളിൽ കൈയിട്ട് ലീഗ് ഇത്തരം അസത്യപ്രചരണത്തിന് കൂട്ട് നിൽക്കരുത്'- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പൂരം കലങ്ങിയതല്ല, പൂരം കലക്കിയതാണെന്ന് വിഎസ് സുനിൽ കുമാർ പ്രതികരിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പൂരം കലങ്ങിയതെന്ന് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. ഇതിന് പിന്നിൽ എൻഡിഎയുമായി ബന്ധപ്പെട്ടയാളുകളുടെ ഗൂഢാലോചനയുണ്ടെന്നത് നേരിട്ടിട്ടുള്ള കാര്യമാണ്. രാഷ്ട്രീയമായി എൻഡിഎ സ്ഥാനാർത്ഥിക്ക് ജയിക്കത്തക്ക രീതിയിലുള്ള പ്രവർത്തനം അവിടെ നടന്നിട്ടുണ്ടെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു. അക്കാര്യത്തിൽ എനിക്കൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News