കരുവന്നൂർ തട്ടിപ്പ് കേസ്; പി വി അരവിന്ദാക്ഷൻറെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

Update: 2023-10-19 01:49 GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻറെ ജാമ്യാപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷൻറെ നിലപാട്. ഹർജിയിൽ ഇന്ന് വീണ്ടും വാദം തുടരും.

കരുവന്നൂർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടൻറെ സികെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈ മാസം മുപ്പതിനകം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെൻറ് ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ സതീഷ് കുമാർ, കിരൺ അടക്കമുളളവരുടെ ജാമ്യ നീക്കങ്ങൾക്ക് തടയിടുക എന്നതാണ് ലക്ഷ്യം. 

 

Tags:    

Similar News