ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. അതിജീവിതയ്ക്ക് ഏറെ ആശ്വാസം നൽകുന്ന വിധിയാണിത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുമാറിയതിൽ വസ്തുതാ പരിശോധന നടത്തണമെന്ന് ഉത്തരവിട്ട ഹൈക്കോടതി അതിന് സെഷൻസ് ജഡ്ജിക്ക് ഏത് ഏജൻസിയെയും ആശ്രയിക്കാമെന്നും വ്യക്തമാക്കി. അന്വേഷണത്തിൽ പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ പ്രൊസീജ്യർ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ലോക്കർ ഉപയോഗിക്കാമെന്നും കോടതി നിർദേശിച്ചു.
2022ൽ അതിജീവിത നൽകിയ ഹരജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തുടരന്വേഷണം നടക്കുന്ന സമയമായതിനാൽ ഹാഷ് വാല്യു മാറിയിട്ടുണ്ടോ എന്നത് പരിശോധിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആദ്യ ഘട്ടത്തിൽ പറയുകയും ഏഴ് ദിവസത്തിനകം സർക്കാർ അംഗീകൃത ലാബിൽ അത് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ നൽകിയ റിപ്പോർട്ടിലും മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തുകയും ചെയ്തു.
2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലൈയിലുമാണ് മെമ്മറി കാർഡ് തുറന്നിരിക്കുന്നത്. ഇതിൽ അവസാന വട്ടം ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതായാണ് കണ്ടെത്തൽ. ഈ തവണ ജിയോ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന വിവോ ഫോണിൽ നിന്നാണ് കാർഡ് തുറന്നിരിക്കുന്നത്. ഈ ഫോണിൽ വാട്ട്സ്ആപ്പ്, ടെലഗ്രാം അടക്കമുണ്ട്. ഫോണിലേക്ക് മെമ്മറി കാർഡ് ഇട്ട് പരിശോധിച്ച സാഹചര്യത്തിൽ തന്റെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്ന ആശങ്കയാണ് നടി പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാൽ ഇതിൽ അന്വേഷണത്തിനുത്തരവിടണമെന്നുമായിരുന്നു നടിയുടെ ആവശ്യം. നടിയുടെ ഹരജിയെ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് എതിർത്തിരുന്നു. മാർച്ചോടു കൂടി കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നിർദേശമുള്ളതിനാൽ വിചാരണ വൈകിപ്പിക്കാനാണ് നടിയുടെ ശ്രമമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ദിലീപിന്റെ ഹരജി തള്ളിയ കോടതി ദിലീപ് എന്തിനാണ് ഇത്തരത്തിൽ നടിയുടെ വാദത്തെ എതിർക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇതിന് കൃത്യമായ മറുപടി നൽകാൻ ദിലീപിന് സാധിച്ചില്ല.