പൊതുസ്ഥലത്ത് മാലിന്യം തള്ളി; ഒൻപതുപേരെ വാഹനമടക്കം കോർപ്പറേഷൻ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടി

Update: 2024-07-20 03:00 GMT

ആമയിഴഞ്ചാൻതോട്ടിലും റോഡുവക്കിലും മാലിന്യംതള്ളിയ ഒൻപതുപേരെ വാഹനമടക്കം കോർപ്പറേഷൻ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടി.


ആമയിഴഞ്ചാൻതോട്ടില്‍ വീണ് ശുചീകരണത്തൊഴിലാളി മരിച്ച പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.


കോർപ്പറേഷന്റെ രാത്രികാല സ്ക്വാഡിനു പുറമേ മൂന്ന് സ്ക്വാഡുകള്‍കൂടി കഴിഞ്ഞ ദിവസം രാത്രി പ്രവർത്തനം തുടങ്ങി. വ്യാഴാഴ്ച രാത്രി വനിതകളുടെ സ്ക്വാഡാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.


രണ്ട് പിക്കപ്പ് വാഹനങ്ങളും ആറ് ബൈക്കുകളും ഒരു ഓട്ടോയിലുമായാണ് മാലിന്യം തള്ളിയത്. ഇതില്‍ ഓട്ടോ ഡ്രൈവർ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഉപേക്ഷിച്ച്‌ വാഹനവുമായി രക്ഷപ്പെട്ടു. മരുതംകുഴിയില്‍വെച്ചാണ് പുലർച്ചെ ഓട്ടോയില്‍ നിറയെ അഴുകിയ മാലിന്യം കൊണ്ടുപോകുന്നത് പിടിച്ചത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന സ്ത്രീയെ കോർപ്പറേഷൻ വാഹനത്തില്‍ കയറ്റി വനിതാ സ്ക്വാഡ് ഓട്ടോയെ ഒപ്പം വരാൻ നിർദേശിച്ചു.


തൈക്കാട് എത്തിയപ്പോള്‍ പെട്ടെന്ന് ഓട്ടോ ഇടറോഡിലേക്ക് കയറി ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. പിടികൂടിയ സ്ത്രീയുമായി രാജാജി നഗറില്‍ തിരച്ചില്‍ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. എന്നാല്‍, ഇവിടെ മാലിന്യം തള്ളാനായി ആമയിഴഞ്ചാൻതോട്ടിലെ സംരക്ഷണഗ്രില്‍ പൊളിച്ചുമാറ്റിയനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.


മൂന്ന് സ്ക്വാഡുകളിലായി എച്ച്‌.ഐ. ഗായത്രി, ജെ.എച്ച്‌.ഐ.മാരായ ഷൈനി ഡി.രാജ്, പ്രീതി, ഷീജാ ബാബു, ഷംല ടി.എ., ഷെറീന സലാം, ലക്ഷ്മിരാജ്, സൗമ്യ, അശ്വതി എന്നിവർ നേതൃത്വം നല്‍കി.


സ്ത്രീയെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഇവരുടെ വാഹനം പിടിച്ചെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്. ഹരിതകർമ സേനയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പച്ച കളർ കോട്ടാണ് ഇവർ ധരിച്ചിരുന്നത്. മുമ്ബ് കുടുംബശ്രീ മാലിന്യം ശേഖരിച്ചിരുന്ന സമയത്ത് ഈ സംഘത്തിലുണ്ടായിരുന്നതാണ് ഈ സ്ത്രീയെന്നും ഇപ്പോഴും ഇവർ അനധികൃതമായി മാലിന്യം ശേഖരിക്കുന്നുണ്ടെന്നും കോർപ്പറേഷൻ അധികൃതർ പറയുന്നു.


ഒൻപതുപേരില്‍ നിന്നായി 45090 രൂപ പിഴചുമത്തി. ഒരു ഹോട്ടലില്‍നിന്ന് കൊണ്ടുപോയ മാലിന്യം തള്ളിയ കോർപ്പറേഷന്റെ ഒരു മുൻ കരാറുകാരനും പിടിയിലായിട്ടുണ്ട്. കൂടുതല്‍ നടപടികളാവശ്യപ്പെട്ട് ആർ.ടി.ഒ.യ്ക്ക് കത്തുനല്‍കും.മാലിന്യം തരംതിരിക്കാതെ ഏജൻസിക്ക് നല്‍കിയതിന് ടീ ടൗണ്‍ എന്ന സ്ഥാപനത്തിന് 5,010 രൂപ പിഴ ഈടാക്കി.

Tags:    

Similar News