'31,875 വോട്ടിന് ധാരണ'; സിപിഎം ബിജെപിക്ക് വോട്ട് മറിക്കുമെന്ന് കോൺഗ്രസ്
പാർലമെന്റ് മണ്ഡലത്തിൽ ഒരു ബൂത്തിൽനിന്ന് സിപിഎമ്മിന്റെ 25 കേഡർ വോട്ട് വീതം ബിജെപിക്ക് നൽകാൻ ധാരണയായെന്ന് ടി.എൻ.പ്രതാപൻ എംപി ആരോപിച്ചു. വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായി 50,000 വോട്ട് ആണ് സിപിഎം തൃശൂർ മണ്ഡലത്തിൽ മറിച്ചുനൽകുകയെന്നും ആരോപിച്ചു.
ബിജെപിക്ക് വോട്ട് നൽകുന്നതിന്റെ പേരിൽ സിപിഎമ്മിനകത്തു തന്നെ പൊട്ടിത്തെറി നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കലാശക്കൊട്ടിനു പലയിടങ്ങളിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പങ്കെടുക്കാതിരുന്നത് അതിന്റെ ഭാഗമാണ്. യഥാർഥ കമ്യൂണിസ്റ്റുകൾ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യും.
ഒരു ബൂത്തിൽ നിന്ന് 25 വോട്ട് വീതം മറിക്കുന്നതോടെ 31,875 വോട്ട് സിപിഎമ്മിൽ നിന്ന് ബിജെപിക്ക് ലഭിക്കും. വ്യാജ വോട്ട് ചേർക്കാൻ ബിഎൽഒമാരുടെ സഹായം ലഭിച്ചതും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഫലമാണെന്നും പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ആയ ദീനദയാൽ സ്മൃതിമണ്ഡപം വിലാസമായി 8 വോട്ട് ചേർത്തിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലെ വിലാസത്തിൽ പാർലമെന്റ് മണ്ഡലത്തിനു പുറത്തുള്ള വോട്ടർമാരെ വ്യാപകമായി ചേർത്തിട്ടുണ്ട്. 28,000 വോട്ടുകൾ ഇത്തരത്തിൽ ചേർത്തതായി ടി.എൻ.പ്രതാപൻ ആരോപിച്ചു. ചീഫ് ഇലക്ടറൽ ഓഫിസർക്ക് ഇതുസംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്.
വ്യാജമായി വോട്ടർ പട്ടികയിൽ കയറിക്കൂടിയവരുടെ പേരുവിവരങ്ങൾ കോൺഗ്രസ് ബൂത്ത് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഇവർ ഇന്ന് ബൂത്തിൽ എത്തിയാൽ ചാലഞ്ച് ചെയ്യാനും ബൂത്തിനു പുറത്ത് രാഷ്ട്രീയമായി നേരിടാനും തന്നെയാണു തീരുമാനമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പരാജയഭീതി മൂലം മന്ത്രി കെ.രാധാകൃഷ്ണനും കൂട്ടരും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ്. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിൽ മാരകായുധങ്ങൾ കണ്ടത് ഇതിന്റെ തെളിവാണ്. പൂരം പ്രതിസന്ധി പരിഹരിക്കാൻ ഇടപെടാതിരിക്കുകയും മന്ത്രിസ്ഥാനത്തിരുന്ന് അരക്ഷിതാവസ്ഥയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത മന്ത്രി നാടിനു ബാധ്യതയായി മാറിയിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്റും എംപിയും പറഞ്ഞു.