'കൊള്ളകളുടെ ലേറ്റസ്റ്റ് വേർഷൻ, കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവ്'; ചെന്നിത്തല

Update: 2023-06-17 07:51 GMT

എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം എന്ന് ചെന്നിത്തല പരിഹസിച്ചു. ജനങ്ങളുടെ ജീവന് സുരക്ഷ നൽകുവാൻ വേണ്ടി സർക്കാരുകൾ ഒരുക്കുന്ന ഒരു സുരക്ഷാ കവചമായ 'ക്യാമറയിൽ' കമ്മീഷനടിച്ച  ഇതുപോലൊരു സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം.

കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് പാർട്ടി സെക്രട്ടറിമാരും സിപിഎമ്മിലുണ്ട് എന്നാൽ കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുകയുള്ളൂ. 85 കോടി രൂപയിൽ താഴെ തീരേണ്ട പദ്ധതിയാണ് തട്ടിക്കൂട്ട് കമ്പനികളെ ഉപയോഗിച്ച് 232 കോടിയോളം രൂപയ്ക്ക് തീർത്തിരിക്കുന്നത്, അതും സ്വന്തക്കാരുടെ കമ്പനിക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു വരുമാന സ്രോതസാക്കി മറ്റി , കൂടാതെ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പല കടലാസ് കമ്പനികൾക്കും മുഖ്യനോടും കുടുംബത്തോടും അഭേദ്യമായ ബന്ധമുവുമാണുള്ളത്- ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ ഏഴ് വർഷമായി  വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന കെ പദ്ധതികൾ അടക്കമുള്ള എല്ലാം തന്നെ എങ്ങിനെയതിൽ നിന്നും കമ്മീഷൻ പറ്റാമെന്നുള്ള റിസർച്ചിനു ശേഷമാണ് അവതരിപ്പിക്കുന്നത്. പലതിലും എതിർപ്പുണ്ടെങ്കിലും, എല്ലാത്തിനും തലകുലുക്കി സമ്മതിക്കുകയും, പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ട കൂലി തൊഴിലാളികൾ മാത്രമായി സിപിഎം നേതൃത്വം മാറി. കെ വിദ്യമാർക്കും വീണാ വിജയന്മാർക്കും മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി കഴിഞ്ഞ 7 വർഷത്തിനുള്ളിൽ പിണറായി കേരളത്തെ മാറ്റിയെന്ന് ചെന്നിത്തല പറഞ്ഞു. 

പുതു തലമുറയിൽ അന്തസ്സായി പഠിച്ച്  പരീക്ഷ പാസാകുന്നവരും, മാന്യമായി തൊഴിലെടുത്തു ജീവിക്കാൻ ആഗ്രഹിക്കുന്നവരും പിണറായി വിജയന്റെ കേരളത്തിൽ നിന്ന് ഓടിപ്പോവുകയാണ്. ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഈറ്റില്ലമാക്കി മാറ്റിയ പിണറായി വിജയനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു- രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിൻറെ ക്യാംപയിനായ കേരളത്തെ കൊന്ന 7 വർഷങ്ങൾ എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്.

Tags:    

Similar News