കർണാടകയുടെ സ്വത്ത്; സിദ്ധരാമയ്യയെയും ഡികെയെയും പരിഗണിക്കും: കെ.സി വേണുഗോപാല്‍

Update: 2023-05-14 09:04 GMT

കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ സിദ്ധരാമയ്യയെയും ഡി.കെ.ശിവകുമാറിനെയും പരിഗണിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇരുവരും കര്‍ണാടകയുടെ വലിയ സ്വത്താണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു കോണ്‍ഗ്രസിന് ഒരു ശൈലിയുണ്ട്. ആ രീതിയില്‍ തീരുമാനം വരുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

''കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ വിജയമായിരുന്നു ഇത്. കോൺഗ്രസിനു മാത്രമല്ല രാജ്യത്തിനുതന്നെ അനിവാര്യമായിരുന്നു. വർത്തമാനകാല ഭാരതം പൊയ്ക്കോണ്ടിരിക്കുന്നത് വളരെ അധികം സങ്കടകരമായ അവസ്ഥയിലൂടെയാണ്. കഴിഞ്ഞ ഒരു മാസമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കർണാടകയിലാണ്. രാഷ്ട്രീയ പാർട്ടികൾ‌ക്കു നിഷ്പക്ഷമായും നീതിപൂർവമായും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇവിടെ സാധിക്കുന്നുണ്ടോ? എല്ലാ കേന്ദ്ര ഏജൻസികളെയും ദുരുപയോഗപ്പെടുത്തുന്ന കേന്ദ്ര സർക്കാരാണ് നമുക്കുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലും വെറുതെവിട്ടിട്ടില്ല.

കോൺഗ്രസിനെതിരെ തീവ്രവാദ ബന്ധം പോലും ആരോപിച്ചാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇതിനെയെല്ലാം അതിജീവിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായുള്ള ഏകോപനത്തിലൂടെയും കൃത്യമായ പ്രചാരണത്തിലൂടെയും വ്യക്തമായ നറേറ്റീവ് നിശ്ചയിച്ച് അതിൽ അടിയുറച്ചുനിന്ന് പതറാതെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയം.

സർക്കാരിന്റെ അഴിമതി ജനങ്ങളിലേക്ക് എത്തിച്ചു. ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാനായി അഞ്ച് സർവേകൾ നടത്തി. ഈ സർവേകൾ അനുസരിച്ച് പ്രകടനപത്രികയിൽ മാറ്റം വരുത്തി. ഇവയൊക്കെ കൃത്യമായി ചെയ്തതാണ് വിജയവഴി തെളിച്ചത്''– കെ.സി.വേണുഗോപാൽ പറഞ്ഞു. 

സിപിഎമ്മിനെയും കെസി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ തല്ലുന്ന രീതി സിപിഎം ഉപേക്ഷിക്കണം. കോണ്‍ഗ്രസിനെ തല്ലുമ്പോള്‍ പ്രയോജനം ബിജെപിക്കാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News