പഴയ വിജയനെങ്കിൽ പണ്ടേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ലെന്ന് സതീശൻ

Update: 2023-02-27 08:04 GMT

മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയിൽ പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ വാഗ്വാദത്തിൽ ഏർപ്പെട്ടു. രാഹുൽ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങൾക്ക് പേടിയില്ലെന്ന് സതീശൻ തിരിച്ചടിച്ചു.

'മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടിവരും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ വിജയനാണെങ്കിൽ പണ്ടേ ഞാൻ അതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. അത് അല്ലല്ലോ. സുധാകരനോട് ചോദിച്ചാൽ മതി', എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

മുഖ്യമന്ത്രിക്ക് അതേഭാഷയിൽ വി.ഡി. സതീശനും മറുപടി പറഞ്ഞു. 'മുഖ്യമന്ത്രി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. എന്താണ് കാരണം? മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ഈ നാട്ടിലാർക്കും റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. പഴയ വിജയനാണെങ്കിൽ മറുപടി പറഞ്ഞേനെ എന്ന് അങ്ങ് പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങൾക്ക് പറയാനുള്ളത്, ഞങ്ങൾക്ക് പഴയ വിജയനെയും പേടിയില്ല. പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങൾ കഴിയുന്നത്', സതീശൻ പറഞ്ഞു.

'വളരെ ഒറ്റപ്പെട്ട രീതിയിൽ ഒരാള് രണ്ടാള് എന്ന തരത്തിലാണ് ഇപ്പോൾ കരിങ്കൊടി കാണിക്കൽ. അത് സാധാരണയായി ഒരു ബഹുജനപ്രസ്ഥാനം ചെയ്യുന്ന കാര്യമാണോ? യൂത്ത് കോൺഗ്രസ് എന്നത് സംസ്ഥാനത്ത് യുവാക്കളെ അണിനിരത്താൻ സാധിക്കാത്ത സംഘടനയാണെന്നൊന്നും താൻ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ഈ ഘട്ടത്തിൽ പ്രക്ഷോഭത്തിന് ഒരാളും രണ്ടാളും ആകുന്നത്', മുഖ്യമന്ത്രി ചോദിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ആളില്ലെങ്കിൽ പിന്നെ എന്തിനാണ് പെരുമ്പാവൂരിലെ രായമംഗലത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നടക്കുന്ന സ്ഥലം പോലീസ് വളഞ്ഞ് ആളുകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നായിരുന്നു സതീശന്റെ മറുചോദ്യം.

Tags:    

Similar News