മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ സമ്മേളനത്തിൽ ഇന്നും പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടർന്ന് മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ അടിയന്തര പ്രമേയ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ വിശദീകരിച്ചത്. മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വോയ്‌സ് റസ്റ്റ് നിർദേശിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചക്കിടെ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവർ എംഎൽഎ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേർന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നൽകിയിരിക്കുന്നത്. എകെഎം അഷ്‌റഫ് എംഎൽഎയോട് അടുത്താണ് ഇരിപ്പിടം. നിയമസഭയിലെത്തിയ അൻവറിനെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവർ അൻവറിന് കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അൻവർ എത്തിയത്. ചുവന്ന ഡിഎംകെയുടെ ഷാൾ അണിഞ്ഞും ചുവന്ന തോർത്ത് കയ്യിലേന്തിയുമാണ് അൻവർ നിയമസഭയിലെത്തിയത്.