അധ്യാപകൻ ചെവിക്കടിച്ചു; 10-ാം ക്ലാസുകാരന്റെ കേൾവി ശക്തി നഷ്ടമായി

Update: 2024-05-21 05:33 GMT

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ ചെവിക്ക് തുടർച്ചയായി അടിച്ചതിന്റെ ഫലമായി പത്താം ക്ലാസ് വിദ്യാർഥിയുടെ കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്ന് പരാതി. ഉത്തർ പ്രദേശിലെ ഉഭോൺ എന്ന സ്ഥലത്തെ സ്വകാര്യ സ്‌കൂളിലാണ് 14 കാരൻ അധ്യാപകന്‍റെ ക്രൂരമർദനത്തിന് ഇരയായത്. പിപ്രൗലി ബർഹാഗോണിലെ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.

മേയ് 13 നാണ് സംഭവം നടന്നത്. കണക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെ കേൾവിശക്തി നഷ്ടമായ വിദ്യാർഥി സഹപാഠിയോട് സംസാരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് കണ്ട അധ്യാപകനായ രാഘവേന്ദ്ര വിദ്യാർഥിയുടെ ചെവിയോട് ചേർന്ന് പലതവണ അടിക്കുകയായിരുന്നെന്നാണ് പരാതി.

അടി കിട്ടിയതിന് പിന്നാലെ മകന്റെ കർണപടം പൊട്ടിയെന്നും കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്നുമാണ് പിതാവിന്റെ പരാതി. രാഘവേന്ദ്ര മർദിച്ചെന്ന് ആരോപിച്ച് വിദ്യാർഥിയുടെ പിതാവ് പ്രവീൺ കുമാർ മധുകർ പരാതി നൽകിയതായി ഉഭോൺ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിപിൻ സിംഗ് പറഞ്ഞു.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ഷൻ 323 , 325 എന്നീ വകുപ്പുകൾ പ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News