യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്

Update: 2023-12-20 10:00 GMT

സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ വൻ സംഘർഷം. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടിയതോടെ തലസ്ഥാന ന​ഗരി അക്ഷരാർഥത്തിൽ യുദ്ധക്കളമായി. പൊലീസുകാരിൽ നിന്നും പ്രതിഷേധക്കാരിൽ നിന്നും സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. നവകേരള സദസിൽ പ്രതിഷേധിക്കുന്ന കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ ആയിരുന്നു പ്രതിഷേധം.

മാർച്ചിന്റെ ഉദ്ഘാടന ശേഷമായിരുന്നു പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. പിന്തിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും തയാറാവാതെ പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. ആദ്യം കുറച്ചുനേരം സംയമനം പാലിച്ച പൊലീസിനു നേരെ കമ്പുകൾ ഉൾപ്പെടെ വലിച്ചെറിയുന്ന സ്ഥിതിയുണ്ടായി. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പിന്നാലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഭാ​ഗത്തുനിന്നും ആക്രമണം ഉണ്ടായി. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്.

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും പിടിവലിയുമുണ്ടായി. പൊലീസ് പ്രതിഷേധക്കാർക്കു നേരെ അഞ്ച് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. ഇതിനിടെ, പൊലീസിന് നേരെയും കല്ലേറുണ്ടായി. കന്റോൺമെന്റ് എസ്‌ഐയടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റു. നാല് പൊലീസ് വാഹനങ്ങളുടെ ചില്ല് തകർത്തു. കന്റോൺമെന്റ് എസ്ഐയുടെ വായ മുറിഞ്ഞു. 20ലധികം പൊലീസ് ഷീൽഡുകൾ തകർത്തു. പ്രതിഷേധക്കാർ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി തിരികെയടിച്ചു.

പരിക്കേറ്റിട്ടും പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസ് ലാത്തിച്ചാർജിൽ തലയ്ക്കടക്കം പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആയിരത്തിലധികം പ്രവർത്തകരാണ് സെക്രട്ടേറിയറ്റിലേക്ക് ഇരച്ചെത്തിയത്. എ.ജി ഓഫീസിന് മുന്നിലും സമരഗേറ്റിന് മുന്നിലുമാണ് സംഘർഷമുണ്ടായത്.

Tags:    

Similar News