പൗരത്വ നിയമ ഭേദഗതി; സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്

Update: 2024-03-11 16:27 GMT

കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ആവശ്യപ്പെട്ട്‌ കോടതിയെ സമീപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയാണ് വ്യക്തമാക്കിയത്. പുറത്തുവരുന്ന വാർത്ത ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ നിരവധി പേരുടെ ജീവൻ ബലിയാടായപ്പോൾ തന്നെ ലീഗ് നിയമപോരാട്ടം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ നടത്തി പ്രതിഷേധത്തിന്റെ രൂപം തീരുമാനിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

സിഎഎ വിഷയത്തിൽ മുസ്‌ലിം ലീഗ് നേരത്തെ തന്നെ സുപ്രിംകോടതിയെ സമീപിച്ചിരുന്നുവെന്നും പെട്ടെന്ന് നടപ്പാക്കില്ലെന്ന് കേന്ദ്രം കോടതിയിൽ സത്യവാങ് മൂലം നൽകിയതാണെന്നും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. വോട്ട് ലക്ഷ്യമാക്കിയാണ് കേന്ദ്ര നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കൊടുത്ത കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ സിഎഎ നടപ്പിലാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും ഇത് ചോദ്യം ചെയ്ത് കോടതി സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതിമത അടിസ്ഥാനത്തിൽ പൗരത്വമെന്നത് ലോകം അംഗീകരിക്കാത്തതാണെന്നും സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപിയുടെ ആത്മവിശ്വാസം ചോർന്നിട്ടുണ്ടെന്നും പറഞ്ഞു.

Tags:    

Similar News