കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ എല്ലായ്‌പ്പോഴും അനിവാര്യമല്ല: ഹൈക്കോടതി

Update: 2024-04-14 04:10 GMT

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോചെയ്ത കേസുകളിൽ എല്ലായ്‌പ്പോഴും പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ ആവശ്യമില്ലെന്ന് ഹൈക്കോടതി. പങ്കുവെച്ച ദൃശ്യത്തിലെ മോഡൽ കാഴ്ചയിൽ കുട്ടിയാണോ എന്നത് പരിഗണിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി (ചൈൽഡ് പ്രോണോഗ്രാഫി) ബന്ധപ്പെട്ട കേസുകളിൽ ദൃശ്യത്തിലെ കുട്ടിയുടെ പ്രായം തെളിയിക്കാനാകാത്തത് പ്രതിഭാഗം തർക്കമായി ഉന്നയിക്കുന്നത് പതിവായതോടെയാണ് ഇക്കാര്യം ഹൈക്കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ. രഞ്ജിത് ബി. മാരാർ, അഡ്വ. ജോൺ എസ്. റാൽഫ് എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചാണ് വിഷയം പരിശോധിച്ചത്.

ദൃശ്യത്തില്‍ കുട്ടിയാണെന്ന് ബോധ്യമായാല്‍ കോടതിക്ക്‌ തുടര്‍നടപടി സ്വീകരിക്കാമെന്ന് കോടതിയുടെ നിർദേശത്തിൽ പറയുന്നു. ഇത്തരം സാഹചര്യത്തില്‍ വിദഗ്ധ അഭിപ്രായം തേടേണ്ടതില്ല. കുട്ടിയുടെ പ്രായം 18-ന് അടുത്താണെന്ന് ബോധ്യമായാല്‍ വിദഗ്ധരുടെ സഹായംതേടാം. 16 വയസ്സിന് താഴെയാണെന്ന് ബോധ്യമായാൽ കോടതിക്ക്‌ തീരുമാനമെടുക്കാം.

പ്രായോഗികമല്ലാത്തതിനാല്‍ കുട്ടിയുടെ ഐഡന്റിറ്റി തെളിയിക്കണമെന്നും നിര്‍ബന്ധിക്കേണ്ടതില്ല. അത് പോക്സോ ആക്ടിന്റെ ലക്ഷ്യം തകര്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്റർനെറ്റിൽനിന്ന് ഉൾപ്പെടെയുള്ള അശ്ലീല ദൃശ്യങ്ങളിൽ മോഡലുകളായ കുട്ടികളുടെ പ്രായം തെളിയിക്കുന്നതിനുള്ള വെല്ലുവിളി കണക്കിലെടുത്താണ് ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തതവരുത്തിയത്.

Tags:    

Similar News