ആ ദൃശ്യങ്ങളിലുള്ളത് കുട്ടിയല്ല; എങ്ങനെ പൊന്തക്കാട്ടില്‍ എത്തിയെന്നത് ചോദ്യചിഹ്നം; എല്ലാ വശങ്ങളും അന്വേഷിക്കുന്നുവെന്ന് ഡിസിപി

Update: 2024-02-20 08:50 GMT

 തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇതുവരെ നിര്‍ണായക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ഒരു സ്ത്രീ നടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് സ്ഥിരീകരിച്ചതായി ഡിസിപി നിധിന്‍ രാജ് പറഞ്ഞു.

സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. സൈക്കോളജിക്കല്‍ കൗണ്‍സിങ്ങ് കൊടുത്താല്‍ മാത്രമേ കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ച് അറിയാനാകൂ.ചെറിയ കുട്ടിയാണെങ്കിലും, ആക്ടീവായി പെരുമാറുന്ന കുട്ടിയാണ്. എന്നിരുന്നാലും കുട്ടിക്ക് തനിയെ എങ്ങനെ പൊന്തക്കാട്ടില്‍ കണ്ടെത്തിയ സ്ഥലത്ത് എത്താനായി എന്നത് ചോദ്യചിഹ്നം തന്നെയാണ്. കുട്ടിയുടേയും കുടുംബത്തിന്റെയും മൊഴികള്‍ വീണ്ടും എടുക്കേണ്ടതുണ്ട്. ഈ പ്രദേശത്തെ പല സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്.

റസിഡന്‍സ് അസോസിയേഷന്‍ കെട്ടിടത്തിന് സമീപത്തെ കുളവും മറ്റും കുട്ടിക്കും കുട്ടിയുടെ കുടുംബത്തിനും പരിചയമുള്ള സ്ഥലങ്ങളാണ്. ഈ പ്രദേശത്തെ ഇടറോഡുകളിലെയും മറ്റും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. തീരെ ചെറിയ കുട്ടിയായതിനാല്‍ ചോദിക്കുന്നതിന് പരിമിതികളുണ്ട്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിസിപി നിധിന്‍രാജ് പറഞ്ഞു.

Tags:    

Similar News