ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Update: 2024-07-29 10:22 GMT

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമ പത്മകുമാറിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.ഇതിന് മുൻപ് ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണൽ സെഷൻ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതിയായ കെആർ പത്മകുമാറിന്റെയും (51), ഭാര്യ അനിതകുമാരിയുടെയും (39) മകളാണ് അനുപമ. ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ നവംബർ അവസാനമാണ് ആറ് വയസുകാരിയെ ഇവർ കാറിൽ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച പ്രതികളെ ഡിസംബർ ഒന്നിനാണ് പിടികൂടിയത്. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടർ അന്വേഷണം നടത്തി ഫെബ്രുവരി എട്ടിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. നർത്തകിയും സോഷ്യൽ മീഡിയ താരവുമായിരുന്നു അനുപമ. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം സജീവമായിരുന്നു. യൂട്യൂബിൽ മാത്രം അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സായിരുന്നു അറസ്റ്റിലായിരുന്നപ്പോൾ അനുപമയ്ക്കുണ്ടായിരുന്നത്.

Tags:    

Similar News