ഗേറ്റിൽ കുടുങ്ങി കുട്ടി മരിച്ച സംഭവം; കഴുത്തിനേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Update: 2024-06-21 09:41 GMT

 മലപ്പുറം വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരൻറേയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവിൽ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം. അതേസമയം, കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാൻറെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തിരൂർ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാൻറെ പോസ്റ്റുമോർട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മർദ്ദത്തെ തുടർന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് മുഹമ്മദ് സിനാൻ എന്ന നാലാം ക്ലാസുകാരൻ ഗേറ്റിനുള്ളിൽ കുടുങ്ങി മരിച്ചത്. റിമാട്ട് കൺട്രോൾ ഉപയോഗിച്ചും സ്വിച്ച് ഉപയോഗിച്ചും പ്രവർത്തിക്കാവുന്ന അയൽവീട്ടിലെ ഗേറ്റിലാണ് സിനാൻ കുടുങ്ങിയത്. സ്വിച്ച് അമർത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, പേരക്കുട്ടിയുടെ മരണമറിഞ്ഞ ആഘാതത്തിൽ മുത്തശ്ശി രാത്രി കുഴഞ്ഞു വീണും മരിച്ചു. സിനാൻറെ പിതാവ് ഗഫൂറിൻറെ അമ്മ ആസ്യയാണ് ഹൃദയാതാഘാതം മൂലം മരിച്ചത്

Tags:    

Similar News