എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണ്; സിപിഐക്ക് പിണറിയായെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് ചെന്നിത്തല

Update: 2024-09-12 09:00 GMT

മുഖ്യമന്ത്രിയെക്കൊണ്ട് ഉടന്‍ നടപടിയെടുപ്പിക്കുമെന്നു വീമ്പടിച്ചു പോയ സിപിഐ പിണറായിയെക്കണ്ടതോടെ മുട്ടിടിച്ചു നിലപാട് മാറ്റിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുമ്പോഴുള്ള ആവേശവും നിലപാടും പിണറായി വിജയനെ കാണുമ്പോഴില്ല.

ഇത്ര നാണം കെട്ട് എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണ്. എഡിജിപിക്കെതിരെ ഒരു ചെറുവിരലനക്കിക്കാന്‍ മൊത്തം എല്‍ഡിഎഫ് സംവിധാനം വിചാരിച്ചിട്ടും സാധിച്ചില്ല. മുഖ്യമന്ത്രിക്കു മേല്‍ എല്‍ഡിഎഫിനേക്കാള്‍ സ്വാധീനമാണ് എഡിജിപിക്ക്.

ഈ സ്വാധീനത്തിന്  പിന്നിലെ രഹസ്യമറിയാന്‍ കേരള ജനതയ്ക്കു താല്‍പര്യമുണ്ട്. ഇത്ര വലിയ ബ്‌ളാക്ക് മെയിലിങ്ങിനു മുഖ്യമന്ത്രി വിധേയനാകുന്നതിന്റെ കാരണം വ്യക്തമാക്കണം.

സിപിഎമ്മിനും സിപിഐയ്ക്കും പിണറായി വിജയനെ ഭയമാണ്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ക്കുള്ള ധൈര്യം പോലും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനില്ല.

ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലും പിണറായി വിജയനെതിരെ സംസാരിക്കുമ്പോള്‍ വെറുമൊരു റാന്‍മൂളി ആയി മാറിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ ഇപ്പോള്‍ സിപിഎം ഇല്ല. പിണറായി ഭക്തര്‍ മാത്രമേ ഉള്ളു.പിണറായിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന മലപ്പുറം സ്ഥലം മാറ്റ ഡീലോടു കൂടി അന്‍വര്‍ ഏറെക്കുറെ ഒതുങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Tags:    

Similar News