യാത്രക്കാരെ കബളിപ്പിച്ച്  കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ: പ്രതിഷേധവുമായി ജനങ്ങൾ

Update: 2024-03-25 02:53 GMT

തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ സിറ്റി സർക്കുലർ ഇ-ബസുകളുടെ സർവീസുകൾ വെട്ടിക്കുറച്ചും പേരുമാറ്റി നിരക്ക് കുത്തനെ കൂട്ടിയും കെ.എസ്.ആർ.ടി.സി. ഇടറോഡുകളിൽനിന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്നും പ്രധാന ജങ്ഷനുകളിലേക്കെത്താൻ നഗരവാസികൾക്ക് ഏക ആശ്രയമായിരുന്ന ഈ സിറ്റി സർക്കുലർ ബസുകൾ.

സർവീസുകൾ താളംതെറ്റിയതോടെ പ്രതിഷേധവും ശക്തമായി. പഴയതുപോലെ സർക്കുലർ ബസുകൾ സർവീസ് തുടരണമെന്നും നിരക്കുകൂട്ടിയത് പിൻവലിക്കണമെന്നുമാണ് പ്രധാന ആവശ്യം.

അറുപതും എഴുപതും രൂപ കൊടുത്ത് ഓട്ടോ വിളിച്ചിരുന്ന ഇടങ്ങളിൽ 10 രൂപ കൊണ്ട് എത്താനാകും എന്ന ‘ഗാരന്റി’ സിറ്റി സർക്കുലർ ബസുകൾ നൽകിയിരുന്നു.

ഇലക്ട്രിക് ബസ് കാണുമ്പോൾ ഈ വിശ്വാസത്തിൽ ആളുകൾ കയറും. എന്നാൽ ചില ബസുകളിൽ കയറി പത്തുരൂപ നോട്ട് നീട്ടുമ്പോഴായായിരിക്കും സിറ്റി ഫാസ്റ്റാണെന്നും പോയിന്റ് ടു പോയിന്റ് സർവീസാണെന്നുമൊക്കെ അറിയുന്നത്. അതോടെ കൂടുതൽ തുക നൽകേണ്ടിവരും.

പ്രത്യേക നിർദേശമോ ഉത്തരവുകളോ ഇല്ലാതെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. 30 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാവുന്ന ടിക്കറ്റും നിർത്തലാക്കി.

ഇലക്ട്രിക് ബസുകൾക്കെതിരേ മന്ത്രി ഗണേഷ് കുമാർ ചുമതലയേറ്റയുടനെ രംഗത്തെത്തിയിരുന്നു. എന്നാൽ സി.പി.എം. ഇടപെട്ടതോടെയാണ്‌ സർക്കുലർ ബസുകൾക്കെതിരേയുള്ള നടപടികൾ നിർത്തിവെച്ചത്. എന്നാൽ പരോക്ഷമായി പേരുമാറ്റങ്ങളിലൂടെയും ഫാസ്റ്റാക്കിയും സർക്കുലർ സർവീസിനെ അട്ടിമറിക്കാനാണ് കെ.എസ്.ആർ.ടി.സി. ശ്രമിക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി.

ബസുകൾ സിറ്റി ഫാസ്റ്റാക്കാൻ വേണ്ടി എട്ട്‌ സർക്കിളുകളിൽനിന്നു ചില ബസുകൾ പിൻവലിച്ചതോടെ ബസുകൾ തമ്മിലുള്ള ഇടവേള കൂടി.

മറ്റ്‌ ബസ് സർവീസുകളില്ലാത്ത ഇടങ്ങളിലെ സ്ഥിരം യാത്രക്കാർ സിറ്റി സർക്കുലർ ബസുകളെ ആശ്രയിക്കാനാവാത്ത സ്ഥിതിയായി. ബസുകൾ കൃത്യമായി വരാത്തതും ട്രിപ്പുകൾ മുടക്കുന്നതും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

Tags:    

Similar News