മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്ര സംഘം; പ്രശ്ന പരിഹാരത്തിന് ശ്രമവുമായി സംസ്ഥാന സർക്കാർ

Update: 2023-07-17 07:25 GMT

മുതലപ്പൊഴി വിഷയത്തിൽ ഉടൻ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ അനിൽ എന്നിവർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഇതിന് പിന്നാലെ വീണ്ടും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.

സംഭവത്തിൽ കൂടുതൽ അനുനയ നീക്കങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഉച്ചയ്ക്കുശേഷം തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും. മുതലപ്പൊഴിയ്ക്കായി ആശ്വാസ പാക്കേജ് അടുത്ത മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേന്ദ്രത്തിൽ നിന്നുള്ള മൂന്നംഗ സംഘം മുതലപ്പൊഴിയിൽ സന്ദർശനം നടത്തി. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുതലപ്പൊഴിയിൽ എത്തിയത്. ഫിഷറീസ് ഡവലപ്പ്മെന്റ് കമ്മിഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മിഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്.

സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം മത്സ്യബന്ധന മേഖലയിലുള്ളവരുമായിട്ടും മത്സ്യത്തൊഴിലാളികളുമായും സംസാരിച്ച് അവരുടെ അഭിപ്രായം കേൾക്കും. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് കൊണ്ട് ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

Tags:    

Similar News