കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. രാജ്ഭവന്റെ മുന്നിൽ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയര്‍ത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്.
കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആര്‍പിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും. 2022 വരെ 45 പേർക്കാണ് രാജ്യത്ത് Z പ്ലസ്. രാഹുൽ ഗാന്ധിക്കും ഈ സുരക്ഷ സംവിധാനമാണ്.