ബ്രഹ്മപുരത്തെ തീപിടിത്തം; കൊലപാതക ശ്രമത്തിന് കേസെടുക്കണം: ജസ്റ്റിസ് കെമാൽ പാഷ

Update: 2023-03-12 09:39 GMT

ബ്രഹ്മപുരത്ത് ഉണ്ടായത് ക്രിമിനൽ കുറ്റമാണെന്നും 307-ാം വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും ജസ്റ്റിസ് കെമാൽ പാഷ. പ്ലാസ്റ്റിക് കത്തിയാൽ അത്ര എളുപ്പത്തിൽ അണയ്ക്കാൻ കഴിയില്ല. ആളുകൾ 10 ദിവസമായി പുക കാരണം വലയുകയാണ്. ഇവരെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നത്? പുക മൂലം എത്ര ആളുകൾക്കാവും ശ്വാസകോശ സംബന്ധമായ അസുഖം പിടിപെടുകയെന്നും ജസ്റ്റിസ് ചോദിച്ചു. 

കുറ്റം അന്വേഷിക്കേണ്ടവർ തന്നെയാണ് അത് ചെയ്തിരിക്കുന്നത്. ഇടത് നേതാവിന്റെ മരുമകനെതിരെയും ആരോപണമുണ്ട്. അവർക്കെതിരെ അന്വേഷണം നടത്തി നിയമ നടപടിയെടുക്കണം. ഒരു സ്ഥലത്തല്ല തീ പിടിച്ചിരിക്കുന്നത്. കമ്പനിയുടെ ആളുകൾ തന്നെയാണ് തീയിട്ടതെന്ന് എല്ലാവർക്കും അറിയാം. ഇവിടെ കഷ്ടപ്പെടുന്നത് മുഴുവൻ സാധാരണക്കാരാണ്. ഇത് പരിഹരിക്കാൻ മന്ത്രിക്കും മുഖ്യമന്ത്രിക്കും സമയമില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ വിമർശിച്ചു. 

അതേസമയം ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കയില്‍ നിന്നും വിദഗ്ധോപദേശം തേടി. എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച പുലര്‍ച്ചെ ഓണ്‍ലൈനിലൂടെയായിരുന്നു ചർച്ച നടത്തിയത്. 

Similar News