സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഇനി കറുപ്പ് കോട്ട്

Update: 2024-01-07 04:59 GMT

സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം കറുപ്പിന് അപ്രഖ്യാപിത വിലക്കുള്ളപ്പോഴാണ് സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് കറുത്ത കോട്ട് വാങ്ങുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് തൊഴിലാളികൾക്ക് കോട്ട് വാങ്ങാൻ പണം അനുവദിക്കുന്നത്.

കൈത്തറി വികസന കോർപ്പറേഷൻ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്. മുഖ്യമന്ത്രിയുടെ സഞ്ചാരപദത്തിൽ കറുപ്പ് കണ്ടാൽ വെപ്രാളപ്പെടുന്ന പൊലീസും കരിങ്കൊടി കാണിച്ചാൽ അടിച്ചോടിക്കുന്ന ജീവൻ രക്ഷസേനയും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനം സാക്ഷിയായതാണ്.

നവകേരള സദസ് തുടങ്ങിയതു മുതലാണ് കറുത്ത വസ്ത്രത്തിനുള്ള അപ്രഖ്യാപിത വിലക്ക് കൂടുതല്‍ രൂക്ഷമായത്. പൊതു പരിപാടികളിൽ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ഇറക്കി വിടുന്ന സംഭവങ്ങൾ വരെയുണ്ടായി. നവകേരള സദസിലടക്കം കറുപ്പിന്‍റെ സ്ഥാനം പടിക്ക് പുറത്തായിരുന്നു. നവകേരള സദസ് കാണാനെത്തിയ സ്ത്രീയെ പൊലീസ് ഏഴു മണിക്കൂറോളം തടഞ്ഞുവെച്ച സംഭവം വരെയുണ്ടായി. 

മുഖ്യമന്ത്രിക്ക് കറുപ്പ് അലർജിയെന്നും പേടിയെന്നും പ്രതിപക്ഷ വിമര്‍ശനവും ഇതിനിടെ ശക്തമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിരിക്കുന്ന സെക്രട്ടറിയേറ്റിൽ കറുത്ത് വസ്ത്രം സ്ഥിരം കാഴ്ചയാകാൻ പോകുന്ന ഉത്തരവാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മുഴുവൻ ശുചീകരണ തൊഴിലാളികൾക്ക് കറുത്ത കോട്ട് നല്‍കാനാണ് തീരുമാനം.  പുതിയ കോട്ട് വാങ്ങാൻ കൈത്തറി വികസന കോ‍ർപ്പറേഷന് 96726 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവ് സർക്കാരിന്‍റേത് ആണെങ്കിലും കോട്ടിന്‍റെ നിറം കറുപ്പല്ലേ എന്നതാണ് തൊഴിലാളികളുടെ ആശങ്ക. ഇനി കറുത്ത് കോട്ടിട്ട് എത്തിയാൽ പൊലീസ് പൊക്കുമോ എന്നും തൊഴിലാളികൾക്കിടയിൽ കരക്കമ്പിയും സജീവമാണ്. കോട്ട് ഏതായാലും യുണിഫോമല്ലെ ഇട്ടല്ലേ പറ്റു എന്നും ബാക്കി ഒക്കെ നേരിടാമെന്നും തൊഴിലാളികള്‍ അടക്കം പറയുന്നുണ്ട്.

Tags:    

Similar News