പക്ഷിപ്പനി; വിദഗ്ധസംഘം ഇന്ന് ആലപ്പുഴയിൽ

Update: 2024-06-27 02:59 GMT

പക്ഷിപ്പനിക്കു കാരണമായ ഇൻഫ്ളുവൻസ വൈറസ് (എച്ച്‌ 5 എൻ 1) മനുഷ്യരിലെത്തിയാല്‍ മാരകമാകുമെന്ന് റിപ്പോർട്ട്.

ലോകത്ത് രോഗം സ്ഥിരീകരിച്ച 889 പേരില്‍ 463 പേരുടെയും മരണത്തിനിടയാക്കിയത് ഈ വൈറസാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഈ മാസത്തെ റിപ്പോർട്ടില്‍ പറയുന്നു. 52 ശതമാനമാണ് മരണനിരക്ക്.

പക്ഷിപ്പനി വൈറസിനു ജനിതകവ്യതിയാനം സംഭവിച്ച്‌ എട്ടു വകഭേദം വരെയുണ്ടാകാം. എച്ച്‌ 5 എൻ 1-നു പുറമേ എച്ച്‌ 5 എൻ 6, എച്ച്‌ 5, എച്ച്‌ 3 എൻ 8, എച്ച്‌ 7 എൻ 4, എച്ച്‌ 7 എൻ 9, എച്ച്‌ 9 എൻ 2, എച്ച്‌ 10 എൻ 3, എച്ച്‌ 10 എൻ 5 എന്നിവയാണ് മനുഷ്യരില്‍ റിപ്പോർട്ടു ചെയ്തിട്ടുള്ള വകഭേദങ്ങള്‍. ചൈന, വിയറ്റ്നാം, കംബോഡിയ, ലാവോസ് തുടങ്ങി 23 രാജ്യങ്ങളില്‍ ഈ വൈറസ് മനുഷ്യരുടെ മരണത്തിനുകാരണമായി.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പക്ഷികളില്‍ പടരുന്ന വൈറസ് എച്ച്‌ 5 എൻ 1 വിഭാഗത്തിലുള്ളതാണ്. കോഴിക്കും താറാവിനും പുറമേ മറ്റു പക്ഷികളിലേക്കും രോഗം വ്യാപിച്ചതോടെയാണ് ജനിതകവ്യതിയാനമാകാമെന്ന നിഗനമനത്തിലെത്തിയിട്ടുള്ളത്. എന്നാല്‍, ഇതുസംബന്ധിച്ചു കൂടുതല്‍ പഠനം വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.അടുത്തിടെ പശ്ചിമബംഗാളില്‍ നാലുവയസ്സുകാരിക്കു സ്ഥീരികരിച്ചത് എച്ച്‌ 9 എൻ 2 വൈറസാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ വകഭേദവും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാനായി സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് ജില്ലയിലെത്തും. കർഷകർ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തും. ഇവരുടെ പരിശോധനാ റിപ്പോർട്ടിനുശേഷമേ പക്ഷിപ്പനി നിർമാർജനം ചെയ്യാനുള്ള കൂടുതല്‍ പദ്ധതികള്‍ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കൂ. വിദഗ്ധസംഘം ബുധനാഴ്ച കോട്ടയം, പത്തനംതിട്ട ജില്ലകള്‍ സന്ദർശിച്ചു.

Tags:    

Similar News